ഹൈദരാബാദ്: ലോക്സഭ മണ്ഡലപുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനിതകളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളും അനീതി നേരിടേണ്ടിവരുമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബലികഴിച്ച് പ്രധാനമന്ത്രി ഉത്തർപ്രദേശിലെയോ ഗുജറാത്തിലെയോ സീറ്റുകൾ വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിച്ചാൽ ആനുപാതികമായി ദലിത് പട്ടികവർഗ സംവരണം വർധിച്ചേക്കാം.
ഇത് നിഷേധിക്കുന്നില്ല. എന്നാൽ, കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ ദലിതർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സീറ്റുകൾ നഷ്ടപ്പെടില്ലേ അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിന്റെ വനിതാ സംവരണ ബില്ലിനോട് കോൺഗ്രസിന് എതിർപ്പില്ല. തെലുങ്കാന നിയമസഭയിൽ വനിതാ സംവരണ നിയമം പാസാക്കുമെന്നും രേവന്ത് റെഡ്ഢി കൂട്ടിച്ചേർത്തു.